1989 ജൂൺ-ജൂലൈ മഴക്കാലം. പ്രീഡിഗ്രി ഫൈനൽ പരീക്ഷ കഴിഞ്ഞു, റിസൾട്ട് വരാൻ കാത്ത് നിൽക്കുന്നു. ഞങ്ങൾ 5 സുഹൃത്തുക്കൾ റിസൾട്ട് വരും വരെ അടുത്തത് എന്ത് എന്ന് ഒരു ആലോചനയും ഇല്ലാത്ത മധുരമനോഹര അവധിക്കാലം ആഘോഷിക്കുന്നു. രാവിലെ ജോഗിങ്, കടലിൽ നീന്താൻ പഠിക്കുക എന്ന പേരിൽ മഴ ഇളകിവിട്ട ചെളി കലർന്ന കടലിലെ മുഴുവൻ ഉപ്പു വെള്ളം കുടിച്ചു തീർക്കാൻ ശ്രമിക്കുക, വീട്ടുകാർ ഉള്ള സമയത്ത് ഒരുത്തന്റെ വീട്ടിൽ ക്രിക്കറ്റ് കളിക്കുക അതിനെ ചൊല്ലി അടി കൂടുക, വീട്ടുകാർ ഇല്ലാത്ത സമയത്ത് ഷെയർ ഇട്ട് VCP/VCR വാടകക്ക് എടുത്തു മറ്റൊരു കൂട്ടുകാരന്റെ വീട്ടിൽ കൂടുക, Ram Teri Ganga Maili, ഭക്ത പ്രഹ്ലാദൻ, ആദിപാപം, ലയനം ജനുസ്സിൽ പെട്ട വിജ്ഞാനപ്രദമായ ഇംഗ്ലീഷ് സിനിമകൾ കണ്ട്, വീഡിയോ കാസ്സെറ്റ് തേഞ്ഞു പോകും വരെ വിജ്ഞാനപ്രദമായ സീനുകൾ വീണ്ടും വീണ്ടും കാണുക മുതലായ കലാപരിപാടികളുമായി, ജീവിതത്തെ പറ്റി ഒരു ചിന്തയും ഇല്ലാതെ നടന്ന ഒരു സുവർണ കാലം
ഒരു ദിവസം ഫോർട്ട്കൊച്ചി ബീച്ചിൽ നീന്തൽ പഠിക്കാൻ പോകാൻ ഞങ്ങൾ തീരുമാനിച്ചു. പ്രാണരക്ഷാർത്ഥം എന്റെ അച്ഛന്റെ അംബാസ്സഡർ കാറിന്റെ പഴയ ഒരു ടയർ ട്യൂബ് മാത്രം കയ്യിലെന്തി ഞങ്ങൾ ബീച്ചിലെത്തി. കുറെ നേരം കടൽ വെള്ളത്തിൽ ട്യൂബിൽ തൂങ്ങി നീന്തൽ പഠിക്കുക എന്ന വിഫല യത്നത്തിന് ശ്രമിച്ച ശേഷം മനസ്സിലായി, കടൽ വെള്ളം മുഴുവൻ കുടിച്ചു തീർത്തു കഴിഞ്ഞാൽ ചിലപ്പോൾ അടിത്തട്ടിൽ കൂടി ഓടി ഞങ്ങൾ രക്ഷപെടുമായിരിക്കും,അല്ലാതെ ഞങൾ ഒരിക്കലും നീന്തൽ പഠിച്ചു നീന്തി രക്ഷപെടാൻ പോണില്ല. അതും അത്ര ഉറപ്പുള്ള കാര്യം അല്ല. പോരാഞ്ഞു ഒരു കാര്യം കൂടി മനസ്സിലായി. ഈ അഴമുള്ള കപ്പൽ ചാനൽ ഉള്ളിടത്ത് നീന്താൻ പോയാൽ നമ്മുടെ കാല് നിലത്ത് കുത്താൻ പറ്റാത്ത അഴമുള്ള സ്ഥലം ബീച്ചിന്റെ തൊട്ടടുത്തു തന്നെ ഒളിച്ചിരിപ്പുണ്ട്. ഏതെങ്കിലും ഒരുത്തൻ മുങ്ങി ചാവാൻ പോയാൽ, മറ്റുള്ള മല്ലന്മാർക്കു നീന്തൽ അറിയാത്തത് കൊണ്ട് നോക്കി നിൽക്കുകയോ, മുങ്ങി താഴാൻ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക മാത്രം ചെയ്യാൻ പറ്റു.
അങ്ങനെ അലക്ഷ്യമായി കടപ്പുറത്തു കൂടി നടക്കുമ്പോൾ ഒരു കാഴ്ച കണ്ടു. തലേ ദിവസങ്ങളിൽ നല്ല മഴയും കടലിൽ വേലിയേറ്റവും ഉണ്ടായപ്പോൾ ബീച്ചിലേക്കു കടൽ വെള്ളം കേറി. കടൽ ഇറങ്ങിയപ്പോൾ കുറെ വെള്ളം ഒരു ചെറിയ തോട് പോലെ ബീച്ചിൽ രൂപാന്തരപ്പെട്ടു. ആഴം കുറഞ്ഞ ഈ കടൽ വെള്ളവും മഴ വെള്ളവും നിറഞ്ഞ ഈ തോട്ടിൽ രണ്ട് കൊച്ചു ചെറുക്കന്മാർ തോർത്ത് വിടർത്തി എന്തിനെയോ പിടിക്കാൻ ശ്രമിക്കുന്നു. വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ ഇത് കൗതുകത്തോടെ കണ്ട് നിന്നു
കുറച്ചു നേരം നോക്കി നിന്നിട്ടും ഇവന്മാർ എന്താണ് പിടിക്കാൻ ശ്രമിക്കുന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. ഞങ്ങളെ കണ്ടെങ്കിലും രണ്ടു പേരും അവരുടെ പണിയിൽ മുഴുകിയിരിക്കുക ആണ്. ചെറിയ മീൻ ആയിരിക്കും എന്ന് ഒരു പക്ഷം, ചെമ്മീൻ ആയിരിക്കും എന്ന് മറ്റൊരു പക്ഷം അതല്ല തവളകുഞ്ഞായിരിക്കും എന്ന് മറ്റൊരു പക്ഷം. തർക്കം രൂക്ഷമായി, ബെറ്റ് ആയി,തീരുമാനം ആക്കാൻ ഞങ്ങളിൽ ഒരുത്തനെ ദൂതനായി അവരുടെ അടുത്തേക്ക് അയച്ചു. അവൻ ചെന്ന് അവരോടു ചോദിച്ചു, "മോനെ, നിങ്ങൾ എന്താണ് പിടിക്കുന്നത്?" ഇത് എന്തൊരു ശല്യം ആണെന്ന മട്ടിൽ ഒരു ചെറുക്കൻ തല ഉയർത്തി നോക്കി ഒന്നും പറയാതെ വീണ്ടും യുദ്ധം തുടർന്നു. ചിലപ്പോൾ കേട്ടു കാണില്ല എന്ന് വിചാരിച്ചു ഞങ്ങളുടെ സുഹൃത്ത് ഒന്നും കൂടി ഒച്ച കൂട്ടി ചോദിച്ചു, "മോനെ നിങ്ങൾ എന്തിനെയാണ് പിടിക്കാൻ നോക്കുന്നത്?" ഇതെന്തൊരു ശല്യം എന്ന മട്ടിൽ രണ്ടാമത്തെ ചെറുക്കൻ ഒറ്റ വാക്കിൽ മറുപടി തന്നു, "കീച്ചാൻ കുഞ്ഞ്", വീണ്ടും യുദ്ധം തുടർന്നു.
ഉത്തരം കിട്ടിയ സന്തോഷത്തിൽ ഞങ്ങളുടെ സുഹൃത്ത് തിരിച്ചു വന്ന് അറിയിച്ചു, "അവന്മാര് കീച്ചാൻ കുഞ്ഞിനെ പിടിക്കുകയാണ് " "ഈ കീച്ചാൻ എന്ന് പറഞ്ഞാൽ എന്താടാ പൊട്ടാ?" ഞങ്ങളുടെ സംശയം തുടർന്നു. "എന്നെ കൊണ്ട് വയ്യ. നിങ്ങൾ വേണമെങ്കിൽ ചോദിക് " എന്ന ഒഴിവ് പറഞ്ഞ് അവൻ ബാറ്റൺ കൈമാറി. ഇപ്രാവശ്യം ഞങ്ങൾ എല്ലാവരും ഒന്നിച്ചു പോയി, കൂട്ടത്തിൽ ബെറ്റ് ജയിച്ചാൽ കൂടുതൽ നേടാൻ സാധ്യത ഉള്ളവൻ അവരോട് ചോദിച്ചു, "മോനെ, നിങ്ങള് കീച്ചാനെ പിടിക്കുകയാണോ ?" ഞങ്ങളുടെ ശല്യം സഹിക്കാൻ വയ്യ എന്ന മട്ടിൽ ഉത്തരം ഒരു നീണ്ട മൂളൽ കിട്ടി, "ഉമ്മ്"
ഞങ്ങൾ പിടി വിട്ടില്ല. "മോനെ, ഈ കീച്ചാൻ വലുതായാൽ, എന്താവും?"
ഇത് കേട്ടതും രണ്ട് പിള്ളേരും പണി നിർത്തി, പുച്ഛവും സഹതാപവും നിറഞ്ഞ ഒരു ഭാവത്തോടെ നോക്കി. ഒരുത്തൻ അടക്കാൻ പറ്റാത്ത പുച്ഛത്തോടെ, എടാ മണ്ടന്മാരെ ഇത്ര സില്ലി കാര്യം അറിഞ്ഞൂടെ എന്ന മട്ടിൽ ഉത്തരം തന്നു, "കീച്ചാൻ വലുതായാൽ, വലിയ കീച്ചാൻ! "
എല്ലാം മനസ്സിലായി! ശുഭം!

No comments:
Post a Comment