Saturday, October 10, 2020

അണ്ടർവെയർ വാങ്ങൽ

നാട്ടിൽ അവധിക്കു പോയപ്പോൾ എറണാകുളത്തു നിന്നും കാർ തോപ്പുംപടി എത്തിയപ്പോൾ ഞാൻ ആ റെഡിമെയ്‌ഡ്‌ കട കണ്ടു. നമ്മുക്ക് എല്ലാവർക്കും എന്തെങ്കിലുംഒരു അന്ധവിശ്വാസം ഉണ്ടല്ലോ. എന്റേത് ഭാഗ്യമുള്ള 'SOLO' ബ്രാൻഡ് അണ്ടർവെയർ ആണ്. ഭാഗ്യമുള്ള അണ്ടർവെയർ ഇട്ടാൽ ഓഫീസിലെ റിവ്യൂ പോലെയുള്ള കഷ്ടകാലം വരാൻ സാധ്യതയുള്ള സമയങ്ങൾ ഞാൻ പുല്ലു-പുല്ല് പോലെ  നേരിടും എന്ന് ഒരു അന്ധവിശ്വാസം. ബാംഗളൂരിൽ ഈ ബ്രാൻഡ് ഇത് വരേ കിട്ടിയിട്ടില്ല. വണ്ടി സൈഡിൽ ഒതുക്കി ഭാര്യയോട് ഇപ്പം വരാം എന്ന് പറഞ്ഞു ഞാൻ കടയിലേക്ക് പോയി. 

രണ്ടു നിലയുള്ള കട. ഭയങ്കര തിരക്ക്.  താഴത്തെ നിലയിൽ സാരീ, ബ്ലൗസ് ഒക്കെ.  കൗണ്ടറിൽ മുഴുവൻ സെയിൽസ് ഗേൾസ്. പഴയ ഓർമയും അവരോടു  ചോദിക്കാൻ ഉള്ള മടി കൊണ്ടും, ഒന്നും ചോദിക്കാതെ ഞാൻ മുകളിലത്തെ നിലയിലേക്ക് നടന്നു കയറി. ചെന്ന് കയറിയത് ലേഡീസ് & കുട്ടിസ് സെക്ഷൻ ആണെന്ന് തോന്നുന്നു.  മുഴുവൻ പെണ്ണുങ്ങൾ. റെഡിമെയ്‌ഡ്‌സ് തിരയുന്ന അവർക്കിടയിൽ ഒരു അമ്മച്ചി അവരുടെ കൊച്ചു മോൻ എന്ന് തോന്നുന്ന ഒരു തല തെറിച്ച ചെറുക്കനെയും കൊണ്ട് കൗണ്ടറിൽ നിന്നും മാറി ചൂടിധാർ ഇട്ടു നിൽക്കുന്ന ഒരു ബൊമ്മയുടെ അടുത്ത് നില്കുന്നു.  
ചെറുക്കൻ ബൊമ്മ നശിപ്പിക്കാതിരിക്കാൻ അമ്മച്ചി സ്വന്തം കൈ കൊണ്ട് ബൊമ്മയുടെ ഒരു കൈ പിടിച്ചിരിക്കുന്നു.  മറ്റേ കൈ കൊണ്ട് ചെറുക്കനെ പിടിച്ചിട്ടുണ്ടെങ്കിലും അമ്മച്ചിയുടെ ശ്രദ്ധ മുഴുവൻ കൂടെ വന്നവർ നോക്കുന്ന തുണികളിൽ ആണെന്ന് മനസ്സിലാക്കിയ ചെറുക്കൻ, അമ്മച്ചിയുടെ ശ്രദ്ധയിൽ പെടാതെ പതുക്കെ-പതുക്കെ ബൊമ്മയുടെ കാലു ഊരി കൊണ്ടിരിക്കുകയാണ്. 

പെണ്ണുങ്ങൾ മാത്രം ഉള്ളത് കൊണ്ടായിരിക്കും ഞാൻ കേറി ചെന്നപ്പോൾ എല്ലാവരും ചെയ്യുന്ന ജോലി നിർത്തി എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. കൗണ്ടറിൽ എങ്ങും ആണുങ്ങളെ കാണാത്തത് കൊണ്ട് ഞാൻ അവരുടെ കൂട്ടത്തിൽ ഒഴിഞ്ഞ ഒരു കൗണ്ടറിൽ നിൽക്കുന്ന പെൺകുട്ടിയോട് ശബ്ദം താഴ്ത്തി ചോദിച്ചു, "inner wear എവിടെ ആണ് ?" അവള് പറഞ്ഞു, "താഴെ".  

വീണ്ടും താഴേക്കു പോകാൻ ഏണിപ്പടി ഇറങ്ങുമ്പോൾ പിന്നിൽ ഒരു ചെറിയ കോലാഹലം. ആ കുരുത്തംകെട്ട ചെറുക്കൻ ബൊമ്മയുടെ കാല് ഊരി.  ബൊമ്മയുടെ ഒരു കൈയിൽ പിടിച്ചിരുന്ന അമ്മച്ചിയെ ഞെട്ടിച്ചു കൊണ്ട് ആ കൈ ഊരി അവരുടെ കൈയിൽ പോന്നു. അറിയാതെ അമ്മച്ചിയുടെ വായിൽ നിന്നും ഒരു "അയ്യോ" പറഞ്ഞു തീരും മുൻപ് ബൊമ്മ  മൂക്കും കുത്തി ഡിം!   കൈയിൽ ഊരി പോന്ന ബൊമ്മയുടെ കൈ ഏതോ പല്ലിയുടെ മുറിഞ്ഞ വാല്  കൈയിൽ അകപ്പെട്ട ഒരാളുടെ അറപോടെ അമ്മച്ചി ദൂരെ എറിഞ്ഞു.

 കോണിപടി ഇറങ്ങി താഴത്തെ നിലയിൽ എത്തിയ എന്റെ മുന്നിൽ വെള്ള മുണ്ട് ഉടുത്ത, കടയുടെ ഉടമസ്ഥൻ എന്ന് തോന്നിക്കുന്ന ഒരു കാരണവർ പ്രത്യക്ഷപെട്ടു.  മുകളിലത്തെ നിലയിലേ ബഹളത്തിന് ഇടയിൽ ഏണിപ്പടി ഇറങ്ങി വരുന്ന എന്നെ കണ്ടപ്പോൾ അങ്ങേർക് തോന്നി കാണും ഞാൻ ആണ് ബഹളത്തിന് കാരണക്കാരൻ. 

"ഉം ?" ഒന്നു അമർത്തി മൂളി എന്റെ മുന്നിൽ നിന്നും മാറാതെ നിന്നു.  ഒരു ആണിനെ കണ്ട ആശ്വാസത്തിൽ ഞാൻ അങ്ങേരോട് ശബ്ദം താഴ്ത്തി ചോദിച്ചു,, "inner wear എവിടെ ആണ് ?"

"ഷഡ്ഢി ആണോ അതോ ബനിയനോ?"

ഉച്ചത്തിൽ ഉള്ള ആ ചോദ്യം ആ കൊച്ചു കടയിൽ മുഴങ്ങി. കടയിൽ ഉള്ള മുഴുവൻ പെണ്ണുങ്ങളും അവരവർ ചെയ്തിരുന്ന കാര്യങ്ങൾ നിർത്തി എന്നെ സൂക്ഷിച്ചു നോക്കി. അയാളുടെ മുന്നിൽ നിന്നും എങ്ങനെ എങ്കിലും രക്ഷപെടാൻ വേണ്ടി ഞാൻ ഒച്ച താഴ്ത്തി പറഞ്ഞു, "രണ്ടും. Solo ബ്രാൻഡ്" !"

"പ്രഭു,  ഈ സാറിനു Soloവിന്റെ ഷഡ്ഢിയും ബനിയനും കാണിച്ചു കൊടുക്കു"
സമാധാനം ആയി.  കൊച്ചി മുഴുവൻ അറിഞ്ഞല്ലോ ഞാൻ SOLOവിന്റെ അണ്ടർവെയർ വാങ്ങാൻ ഇവിടെ വന്ന കാര്യം. ഇങ്ങേർക്ക് പതുക്കെ സംസാരിക്കാൻ അറിയില്ലേ ?

മുന്നിൽ പ്രഭു എത്തി.  മറ്റൊരു കാരണവർ.  എന്നെ അടിമുടി നോക്കിയിട്ട് വീണ്ടും ഉച്ചത്തിൽ ചോദിച്ചു "സൈസ് തൊണ്ണൂരോ അതോ തൊണ്ണൂറ്റഞ്ചോ ?"

ഉടനെ വന്നു ആദ്യത്തെ കാരണവരുടെ ഉത്തരം, കണ്ടാൽ അറിഞ്ഞൂടെ 90 ആണെന്ന് ?  ഇപ്രാവശ്യം കടയിലെ പെണ്ണുങ്ങൾ എന്നെ നോക്കിയപ്പോൾ അവർ എന്നെ കണ്ണ് കൊണ്ട് അളന്നു നോക്കുന്നോ എന്ന് എനിക്കൊരു ശങ്ക. 
പ്രഭുവിന്റെ അടുത്ത ചോദ്യം, ഇതിൽ ഏതു കളർ ഷഡ്ഢി വേണം

കൗതുകതോടെ പെണ്ണുങ്ങൾ വീണ്ടും എന്നെ നോക്കി.  അയാൾ ഇനിയും ഒച്ച വെക്കുന്നതിന് മുൻപേ എടുത്ത വെച്ച അഞ്ചു കളരും ഞാൻ എടുത്തു. എന്നിട്ട് ബില്ല് അടിക്കാൻ പറഞ്ഞു.  ബില്ലിംഗ് കൗണ്ടറിൽ കാശ് കൊടുക്കാൻ നിൽകുമ്പോൾ ലൈനിൽ നിൽക്കുന്ന പെണ്ണുങ്ങൾ എന്നെ ഭയങ്കര പരിചയ ഭാവത്തിൽ ചിരിക്കുന്നു.  

എന്താണെന്നു അറിയില്ല കാശ് കൊടുത്തു ഇറങ്ങുമ്പോൾ,  HIT കിടനാശിനീ തളിച്ചിട്ടും കഷ്ടിച്ച്  രക്ഷപെട്ട പല്ലിയുടെ പോലെ ആശ്വാസം !