Friday, September 11, 2020

തലമുടിക്ക് വളം

അമ്മ പറഞ്ഞു,  "മോനെ നിന്റെ മുടി  ഉച്ചിയിൽ നിന്നും പോയി കഷണ്ടി ആയി.  എന്ത് കട്ടിയുള്ള ചുരുണ്ട  മുടി ആയിരുന്നു". 

"അതെ അമ്മേ,  എല്ലാ മുടിയും പോയി" എന്റെ ഭാര്യയും കൂടെ കൂടി. 

രണ്ട് പേരും കൂടി എന്റെ തലയെ പറ്റി  ഒരൂ തീരുമാനം എടുത്തു.  ഒലിവ്  ഓയിൽ, കാസ്റ്റർ  ഓയിൽ,  വെളിച്ചെണ്ണ  എന്നിവ ഓരോന്നും ഒരു  പ്രത്യേക അളവിൽ ഉണ്ടാകുന്ന മാന്ത്രിക എണ്ണ ഞാൻ സ്ഥിരമായി  തലയിൽ തേക്കണം. അപ്പോൾ  മുടി പുല്ല് പോലെ  തഴച്ചു വളരും. 

ഇവരോട്  ആരാണ്  ഒന്ന്  പറഞ്ഞു  മനസ്സിലാകുക ? എണ്ണയിട്ട് വളർത്തേണ്ട സമയം എല്ലാം  കഴിഞ്ഞ് പോയി. ഇനി  വല്ല ഫെവിക്കോൾ പശ വെള്ളത്തിൽ കലക്കി മുടി ഒട്ടിച്ചുവെക്കേണ്ട സമയം  ആയി എന്ന് 🙃

സഹോദര സ്നേഹം

കഴിഞ്ഞ ഒരാഴ്ചയായി അയാൻ പനി,  ദേഹംവേദന, ഛർദിൽ മുതലായ കലാപരിപാടികളിൽ  മുഴുകി ഇരിക്കുന്നു. 

അവന്റെ തന്തയും തള്ളയും ഇത് ഡെങ്കി പനിയോ, മലേറിയോ അതോ മറ്റ് ഭീകര പനികളെ ആണോ എന്ന് ഓർത്ത്  പേടിച്ചിരിക്കുന്നു. 

ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ പോകുമ്പോൾ,  അവന്റെ ചേച്ചി വന്ന്‌ അടുത്ത്,  സ്നേഹപൂർവ്വം അവനോട് ചോദിച്ചു, "എങ്ങനെ ഉണ്ടെടാ? പനി കൂടൂതൽ ആണെന്ന് തോന്നുന്നോ?"

ചേച്ചിയുടെ സ്‌നേഹം കണ്ടു അവരുടെ തന്തയുടെയും തള്ളയുടെയും കണ്ണുകൾ നിറഞ്ഞു.

ഉടനെ വന്നു അവന്റെ ചേച്ചിയുടെ അടുത്ത സ്നേഹഷ്മളമായ ചോദ്യം, "എടാ,  നീ പനി വന്ന്‌ ചത്തു പോയാൽ, നിന്റെ Groot chain ഞാൻ എടുക്കും"

അത്രയും നേരം ഇപ്പം ചാവും,  ഇപ്പം ചാവും എന്ന് മാതിരി കിടന്നിരുന്ന അവൻ സഡ കുടഞ്ഞു എണിറ്റു.  "അങ്ങനെ ഒന്നും ഞാൻ ചാകില്ലെടി ! ഇനി ഞാൻ ചത്താലും തരില്ലെടി "

ഞങ്ങളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു